"മടങ്ങിവരൂ സഖാവേ!'; വ്യാജരേഖ കേസിൽ ലുക്ക് ഔട്ട് നോട്ടീസ് കാന്പയിനുമായി കെഎസ്യു
Sunday, June 11, 2023 12:18 AM IST
തിരുവനന്തപുരം: വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്ഐ നേതാവ് കെ. വിദ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് കാന്പയിനുമായി കെഎസ്യു.
മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെതുടർന്ന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും അഗളി പോലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നേരിടുന്ന വിദ്യയെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് കാന്പയിൻ.
ജൂൺ 12 മുതൽ 15 വരെ കേരളത്തിലെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടീസ് പതിപ്പിച്ചു കൊണ്ട് പോലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
ഭരണസ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തുടർസമരങ്ങളുമായി കെഎസ്യു മുന്നോട്ട് പോകുമെന്നും അലോഷ്യസ് അറിയിച്ചു.