പാരിസിൽ സ്ഫോടനം; 16 പേർക്ക് പരിക്ക്
Wednesday, June 21, 2023 10:38 PM IST
പാരിസ്: വാതകചോർച്ചയെത്തുടർന്ന് പാരിസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു. ഏഴ് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
നഗരത്തിലെ ലാറ്റിൻ ക്വാർട്ടറിൽ വൈകിട്ട് അഞ്ചിനാണ്(പ്രാദേശിക സമയം) അപകടമുണ്ടായത്. നോത്രെ ദാം കത്തീഡ്രലിൽ നിന്ന് സോർബോൺ സർവകലാശാലയിലേക്ക് പോകുന്ന വഴിയിലെ റൂ സാൻ ജാക് തെരുവിലാണ് സ്ഫോടനം നടന്നത്.
അപകടത്തിൽ നിരവധി കെട്ടിടങ്ങൾക്ക് തീ പിടിക്കുകയും ഒരു കെട്ടിടത്തിന്റെ മുഖപ്പ് തകർന്നുവീഴുകയും ചെയ്തു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രദേശത്തെ തീ പൂർണമായും അണച്ചെന്നും അധികൃതർ അറിയിച്ചു.