മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി
Tuesday, July 4, 2023 9:10 PM IST
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറായ യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മന്ത്രിയെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു.
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന് പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പോലീസ് മർദിച്ചെന്നാണ് ആരോപണം.
കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മന്ത്രിയുടെ വാഹനത്തിന് അകന്പടി പോയ പോലീസുകാരാണ് സാദിഫിനെ മർദ്ദിച്ചത്.
ചോന്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് മീൻ ലോറിയുമായി സാദിഫ് പോയ വേളയിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി മർദിച്ചത്.
കൈയ്ക്ക് പരിക്കേറ്റ സാദിഫ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ, മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗൺമാനെ അധിക്ഷേപിച്ചതിന് രണ്ടു പേർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു.