പി.വി. ശ്രീനിജൻ എംഎൽഎയെ ചോദ്യംചെയ്ത് ആദായനികുതി വകുപ്പ്
Tuesday, July 4, 2023 10:30 PM IST
കൊച്ചി: സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തു. ചോദ്യംചെയ്യൽ നടപടി നാല് മണിക്കൂറോളം നീണ്ടുനിന്നു.
അടുത്തിടെ ചലച്ചിത്ര നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിലുൾപ്പെട്ട ഒരു നിർമാതാവിന്റെ സാമ്പത്തിക രേഖകളിൽ ശ്രീനിജനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉണ്ടായിരുന്നു.
എംഎൽഎ നിർമാതാവിന് ഒന്നരക്കോടി രൂപ കൈമാറിയെന്നാണ് രേഖകളിൽ നിന്ന് വ്യക്തമായത്. ഈ ഇടപാടിനെപ്പറ്റിയാണ് അധികൃതർ അന്വേഷിക്കുന്നത്.
എന്നാൽ, നിർമാതാവിൽ നിന്ന് 2016-ൽ താൻ 50 ലക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്നും ഇത് 2022-ൽ തിരികെ നൽകിയെന്നും എംഎൽഎ വ്യക്തമാക്കി. ഇടപാടിനെപ്പറ്റി ആദായനികുതി വകുപ്പിന് എല്ലാ വിവരങ്ങളും കൈമാറിയെന്നാണ് എംഎൽഎ അറിയിച്ചത്.