വാഷിംഗ് മെഷീൻ കൈക്കൂലി വാങ്ങിയ ആർഡിഒയ്ക്ക് നാല് വർഷം തടവ്
Tuesday, July 11, 2023 9:15 PM IST
ചെന്നൈ: കരിങ്കൽ ക്വാറി കരാറുകാരനിൽ നിന്ന് വാഷിംഗ് മെഷീൻ കൈക്കൂലിയായി വാങ്ങിയ റവന്യു ഡിവിഷണൽ ഓഫീസർക്ക്(ആർഡിഒ) നാല് വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് കോടതി.
തമിഴ്നാട് തിരുവള്ളുർ സ്വദേശിയായ ചന്ദ്രശേഖരൻ എന്ന മുൻ ആർഡിഒയ്ക്കെതിരെയാണ് തിരുവള്ളൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ വിധി പ്രസ്താവിച്ചത്. 2009 ഓഗസ്റ്റിൽ, തിരുട്ടാണി മേഖലയിലെ ആർഡിഒ ആയിരിക്കെ ചന്ദ്രശേഖരൻ കൈക്കൂലിയായി വാങ്ങിയ വാഷിംഗ് മെഷിനാണ് ഒടുവിൽ ഇയാളുടെ ജോലി "അലക്കി വെളുപ്പിച്ചത്'.
തിരുട്ടാണി താലൂക്കിലെ കാർത്തികേയപുരം ഗ്രാമത്തിൽ കരിങ്കൽ ക്വാറി നടത്തുന്ന ആറക്കോണം സ്വദേശിയായ സി. ബാബുവിനോടാണ് ചന്ദ്രശേഖരൻ കൈക്കൂലി ആവശ്യപ്പെട്ടത്. ബാബുവിന്റെ അമ്മാവന്റെ പേരിലുള്ള ക്വാറി ലൈസൻസ് റദ്ദാക്കുമെന്ന് ക്വാറിയിലെത്തി ചന്ദ്രശേഖരൻ ഭീഷണി മുഴക്കിയിരുന്നു.
പിറ്റേന്ന് ഓഫീസിലെത്തി കണ്ട ബാബുവിനോട് തനിക്ക് ഒരു പുതുപുത്തൻ വാഷിംഗ് മെഷീൻ വേണമെന്നും ഇല്ലെങ്കിൽ ക്വാറി അടച്ചുപൂട്ടുമെന്നും ചന്ദ്രശേഖരൻ അറിയിച്ചിരുന്നു. പിറ്റേന്ന് തന്നെ ചന്ദ്രശേഖരന്റെ വീട്ടിൽ ഒരു പുതിയ വാഷിംഗ് മെഷീൻ ബാബു എത്തിച്ചിരുന്നു.
എന്നാൽ തനിക്ക് 10,000 രൂപ കൂടി കൈമടക്കായി വേണമെന്ന് ചന്ദ്രശേഖരൻ ബാബുവിനോട് ആവശ്യപ്പെട്ടു. ഈ വിവരം ബാബു വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് നിർദേശിച്ചപ്രകാരം ബാബു കൈക്കൂലി നൽകാനായി ചന്ദ്രശേഖരനെ വിളിച്ചുവരുത്തി. പണം കൈമാറുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
കേസിന്റെ വിസ്താരത്തിനിടെ, മറ്റൊരു കരിങ്കൽ ക്വാറി വിതരണക്കാരന്റെ പക്കൽ നിന്ന് ചന്ദ്രശേഖരൻ ഒരു പുതിയ ഫ്രിഡ്ജും കൈക്കൂലിയായി വാങ്ങിയത് തനിക്ക് അറിയാമെന്ന് ബാബു അറിയിച്ചിരുന്നു.
വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ഇന്നാണ് ചന്ദ്രശേഖരനെതിരെയായ കേസിലെ വിധി കോടതി പ്രസ്താവിച്ചത്.