നെല്ല് സംഭരണം: 400 കോടി വായ്പയായി, വില മുഴുവനും കൊടുക്കുമെന്ന് മന്ത്രി
Friday, July 14, 2023 9:55 AM IST
തിരുവനന്തപുരം: ഈ സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. 2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണമായും നൽകിയിരുന്നു.
മേയ് 15 വരെ പിആർഎസ് നല്കിയ നെല്ലിന്റെ വില കർഷകർക്ക് നിലവിൽ വിതരണം ചെയ്തുവരികയാണ്. മേയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനാവശ്യമായ 400 കോടി രൂപ കൂടി അനുവദിക്കുന്നതിന് എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടുന്ന ബാങ്കിംഗ് കൺസോർഷ്യവുമായി നടത്തിയ ചർച്ചകളിൽ അനുകൂല തീരുമാനമാവുകയായിരുന്നു. ഇത് സംബന്ധിച്ച് ബാങ്കിംഗ് കൺസോർഷ്യവുമായി വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
തുക കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വെള്ളിയാഴ്ച തന്നെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ സപ്ലൈകോ സിഎംഡിക്ക് നിർദേശം നല്കിയതായി മന്ത്രി അറിയിച്ചു.