പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കോളജ് വിദ്യാർഥികൾ പിടിയിൽ
Monday, July 17, 2023 11:12 AM IST
ജയ്പുർ: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കോളജ് വിദ്യാര്‍ഥികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജോധ്പുരിലാണ് സംഭവം.
പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന കാമുകനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്.
അജ്മീർ സ്വദേശികളായ പെൺകുട്ടിയും കാമുകനും ഒളിച്ചോടിയാണ് ശനിയാഴ്ച രാത്രി ജോധ്പുരിലെത്തിയത്. ഇവർ മുറിയെടുക്കാൻ ഒരു ഗസ്റ്റ് ഹൗസിൽ എത്തിയെങ്കിലും ഗസ്റ്റ്ഹൗസ് ജീവനക്കാരൻ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇരുവരും ഇവിടെ നിന്നും പോയി.
ഇരുവരും ഗസ്റ്റ് ഹൗസിന് പുറത്ത് നിൽക്കുന്നതിനിടെ സഹായം വാഗ്ദാനം ചെയ്ത് പ്രതികളായ സമന്ദർ സിംഗ്, ധരംപാൽ സിംഗ്, ഭതം സിംഗ് എന്നിവർ ഇവരെ സമീപിച്ചു. താമസിക്കാൻ സ്ഥലം നൽകാമെന്നും ഭക്ഷണം നൽകാമെന്നും പ്രതികൾ ഇവരോട് പറഞ്ഞു.
തുടർന്ന് പെൺകുട്ടിയും കാമുകനും ഇവർക്കൊപ്പം പോയി. ഞായറാഴ്ച പുലർച്ചെ നാലിന് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ജെഎൻവിയുവിലെ പഴയ കാമ്പസിലെ ഹോക്കി ഗ്രൗണ്ടിലേക്ക് ഇരുവരെയും പ്രതികൾ കബളിപ്പിച്ച് എത്തിച്ചു.
ഗ്രൗണ്ടിലെത്തിയ ശേഷം മൂന്ന് പ്രതികളും ആൺകുട്ടിയെ മർദിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
പ്രഭാതസവാരിക്കായി കാമ്പസിലെത്തിയ ആളുകൾ പെൺകുട്ടിയെയും കാമുകനെയും കാണുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.
പോലീസ്, ഡോഗ് സ്ക്വാഡിനെയും ഫോറൻസിക് ടീമിനെയും വിന്യസിച്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ജോധ്പൂരിലെ ഗണേഷ്പുരയിലെ ഒരു വീട്ടിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്.
പോലീസിനെ കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ കാലുകൾക്ക് പൊട്ടലുണ്ടായി. മൂന്നാമത്തെ ആളുടെ കൈയ്ക്ക് പരിക്കേറ്റു.
പെൺകുട്ടിയെ ശല്യം ചെയ്തതിന് ഗസ്റ്റ് ഹൗസ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.