2,300 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ചു; സാക്ഷിയായി അമിത് ഷാ
Monday, July 17, 2023 2:16 PM IST
ന്യൂഡൽഹി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി), ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ്(എഎൻടിഎഫ്) എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പിടികൂടിയ 2,300 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് നശിപ്പിച്ചത്. "മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും" എന്ന വിഷയത്തിൽ ഇന്ന് ന്യൂഡൽഹിയിൽ നടന്ന സമ്മേളനത്തിൽ ഷാ അധ്യക്ഷത വഹിച്ചിരുന്നു. ഈ സമ്മേളനത്തിനിടെയാണ് 1,44,000 കിലോഗ്രാം മരുന്നുകൾ നശിപ്പിച്ചത്.
എൻസിബി ഹൈദരാബാദ് യൂണിറ്റ് പിടികൂടിയ 6,590 കിലോയും ഇൻഡോർ യൂണിറ്റ് പിടിച്ചെടുത്ത 822 കിലോയും ജമ്മു യൂണിറ്റ് പിടിച്ചെടുത്ത 356 കിലോയും മരുന്നുകളിൽ ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആസമിൽ 1,486, ചണ്ഡീഗഡിൽ 229 , ഗോവയിൽ 25, ഗുജറാത്തിൽ 4,277, ഹരിയാനയിൽ 2,458, ജമ്മു കാഷ്മീരിൽ 4,069, മധ്യപ്രദേശിൽ 1,03,884, മഹാരാഷ്ട്രയിൽ 159, ത്രിപുരയിൽ 1,803, ഉത്തർപ്രദേശിൽ 4,049 കിലോ എന്നിങ്ങനെയാണ് പിടികൂടിയ മയക്കുമരുന്നുകളുടെ തൂക്കം.
2022 ജൂൺ ഒന്ന് മുതൽ 2023 ജൂലൈ 15 വരെ, എൻസിബിയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും സംസ്ഥാന മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സും ഏകദേശം 9,580 കോടി രൂപ വിലമതിക്കുന്ന 8,76,554 കിലോഗ്രാം പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിച്ചിരുന്നു.