ഖുറാൻ കത്തിക്കൽ; സ്വീഡിഷ് അംബാസഡറെ പുറത്താക്കി ഇറാഖ്
Friday, July 21, 2023 1:37 AM IST
ബാഗ്ദാദ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ നടന്ന ഖുറാൻ കത്തിക്കൽ പ്രതിഷേധത്തെത്തുടർന്ന് സ്വീഡിഷ് അംബാസഡറെ പുറത്താക്കി ഇറാഖ്.
ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിൽ ആക്രമണങ്ങൾ നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ നടപടി. സ്വീഡനിലെ തങ്ങളുടെ ഷാർ ഡെ അഫേഴ്സിനെ തിരിച്ചുവിളിച്ചതായും ഇറാഖ് അറിയിച്ചു.
ഇറാഖികൾ സ്വീഡിഷ് എംബസിയിൽ അതിക്രമിച്ച് കയറി തീവയ്പ് നടത്തുകയായിരുന്നു. ഷിയാ നേതാവ് മുഖ്താദ അൽ സദറിന്റെ അനുയായികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
എംബസി തീവയ്പിന് മണിക്കൂറുകൾക്കകം, മതഗ്രന്ഥ പോരിന് തുടക്കമിട്ട സൽവാൻ മോമിക എന്നയാൾ സ്റ്റോക്ഹോമിലെ ഇറാഖ് എംബസിക്ക് മുന്നിൽ വച്ച് ഇറാഖ് ദേശീയ പതാകയെ അപമാനിച്ചിരുന്നു.
ബലിപെരുന്നാൾ ദിനത്തിൽ പോലീസ് അനുമതിയോടെ ഖുറാൻ കത്തിച്ച് കുപ്രസിദ്ധി നേടിയ വ്യക്തിയാണ് മോമിക. ഇതേത്തുടർന്ന് പ്രതികാര പ്രതിഷേധത്തിന്റെ ഭാഗമായി ബൈബിളും ജൂത വിശുദ്ധ ഗ്രന്ഥമായ തോറയും കത്തിക്കുമെന്ന് സ്വീഡനിലെ ചില ഇസ്ലാമിക വിശ്വാസികൾ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രതിഷേധം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.