ന്യൂയോർക്കിൽ കൂറ്റൻ ക്രെയിൻ തകർന്നുവീണ് നാല് പേർക്ക് പരിക്ക്
Wednesday, July 26, 2023 10:43 PM IST
ന്യൂയോർക്ക്: മാൻഹാട്ടനിൽ കൂറ്റൻ കൺസ്ട്രക്ഷൻ ക്രെയിൻ തകർന്നുവീണ് നാല് പേർക്ക് പരിക്കേറ്റു. 16 ടൺ കോൺക്രീറ്റ് വഹിച്ചിരുന്ന ക്രെയിനിൽ തീപിടിച്ചതിനെത്തുടർന്ന് പൊട്ടിവീഴുകയായിരുന്നു. ക്രെയിനിന്റെ കൈ ആഞ്ഞുവീശി സമീപത്തെ കെട്ടിടത്തിന്റെ ചില്ല് തകർത്ത ശേഷമാണ് നിലത്തേക്ക് പതിച്ചത്.
ബുധനാഴ്ച പുലർച്ചെ(പ്രാദേശിക സമയം) ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി.
വെസ്റ്റ് മാൻഹാട്ടൻ പത്താം അവന്യുവിലെ സ്ട്രീറ്റ് 41-ലാണ് അപകടം നടന്നത്. ബഹുനിലക്കെട്ടിടത്തിന്റെ 45-ാം നിലയിലേക്ക് കോൺക്രീറ്റ് കൊണ്ടുപോയ ക്രെയിനാണ് തകർന്നുവീണത്. ക്രെയിനിലുണ്ടായ തീപിടത്തം മൂലം കേബിൾ ചൂടായി കത്തിനശിച്ച് ക്രെയിൻ പൊട്ടിവീഴുകയായിരുന്നു.
തീപിടിത്തം ആരംഭിച്ചയുടൻ ക്രെയിൻ ഓപ്പറേറ്റർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപ കെട്ടിടങ്ങളുടെ മുകളിൽ നിന്ന് അഗ്നിരക്ഷാ സേന ക്രെയിനിലേക്ക് വെള്ളം സ്പ്രേ ചെയ്തെങ്കിലും ക്രെയിൻ പൊട്ടിവീണു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.