അവാർഡ് വിവാദം; രഞ്ജിത്തിനെതിരെ എഐവൈഎഫ്
Tuesday, August 1, 2023 7:52 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അഹിതമായി ഇടപെട്ടെന്ന ആരോപണത്തിൽ സംവിധായകൻ വിനയന് പിന്തുണയുമായി എഐവൈഎഫ്.
രഞ്ജിത്തിനെതിരായ ആരോപണം ഗുരുതരമാണെന്നും വിഷയത്തില്‍ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയാറാകണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആവശ്യപ്പെട്ടു.
വിനയൻ സംവിധാനം ചെയ്ത "19-ാം നൂറ്റാണ്ട്' ഒരു ചവറ് സിനിമയാണെന്ന് പറഞ്ഞ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയാണെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനത്ത് നിന്ന് നീക്കണണമെന്നും ജിസ്മോൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന വിനയന് ധാര്‍മികപിന്തുണ നല്‍കുമെന്നും എഐവൈഎഫ് അറിയിച്ചു.
നേരത്തെ, വിവാദത്തിൽ രഞ്ജിത്തിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും ജൂറി അംഗമായ നേമം പുഷ്പരാജ് നടത്തിയ വെളിപ്പെടുത്തലുകളിൽ രഞ്ജിത് തന്നെയാണ് മറുപടി നൽകേണ്ടതെന്നും വിനയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
വിശ്വവിഖ്യാത സംവിധായകർ എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നാണോയെന്നും അതിന് നിയമവും ചട്ടവുമൊന്നും നോക്കേണ്ടതില്ലേയെന്നും വിനയൻ കൂട്ടിച്ചേർത്തു.