വിജയ് വാഡേറ്റിവാർ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്
Tuesday, August 1, 2023 9:45 PM IST
മുംബൈ: എൻസിപി പിളർത്തി ബിജെപി പാളയത്തിലെത്തിയ അജിത് പവാർ വഹിച്ചിരുന്ന മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് കോൺഗ്രസ് നേതാവ് വിജയ് വാഡേറ്റിവാർ.
വാഡേറ്റിവാറിനെ പ്രതിപക്ഷ നേതാവായി നാമനിർദേശം ചെയ്യുന്ന കത്ത് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ബാലാസാഹെബ് തോറാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം സ്പീക്കർ രാഹുൽ റാർവേക്കർക്ക് കൈമാറി.
പവാറിന്റെ കൂടുമാറ്റത്തോടെ മഹാ വികാസ് അഘാഡി മുന്നണിയിൽ ഏറ്റവുമധികം എംഎൽഎമാർ(45) ഉള്ളത് കോൺഗ്രസിനാണ്. ഇതിനാൽ പ്രതിപക്ഷ നേതാവ് കോൺഗ്രസിൽ നിന്നായിരിക്കുമെന്ന് അഘാഡി നേതാക്കൾ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. വാഡേറ്റിവാറെ പ്രതിപക്ഷ നേതാവായി ബുധനാഴ്ച ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്നാണ് അറിയിപ്പ്.
വിദർഭ മേഖലയിലെ ചന്ദ്രാപുരിൽ നിന്നുള്ള എംഎൽഎ ആയ വാഡേറ്റിവാർ 2019-ലും പ്രതിപക്ഷ നേതൃപദവി അലങ്കരിച്ചിരുന്നു. എൻഎസ്യുഐയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച വാഡേറ്റിവാർ 1990-കളിൽ ശിവസേനയിലേക്ക് ചുവടുമാറിയിരുന്നു. 2004-ൽ ചിന്നൂർ മണ്ഡലത്തിൽ നിന്ന് ശിവസേന ടിക്കറ്റിൽ ആദ്യമായി നിയമസഭയിലെത്തിയ വാഡേറ്റിവാർ പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തുകയായിരുന്നു.