അംഗങ്ങൾ അന്തസായി പെരുമാറുന്നത് വരെ സമ്മേളനത്തിനെത്തില്ലെന്ന് ലോക്സഭാ സ്പീക്കര്‍
വെബ് ഡെസ്ക്
Wednesday, August 2, 2023 5:33 PM IST
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നതില്‍ ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ അംഗങ്ങള്‍ സഭയുടെ അന്തസിന് അനുസൃതമായി പെരുമാറുന്നത് വരെ സമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചതായി റിപ്പോര്‍ട്ട്.
ബുധനാഴ്ച ലോക്സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ സ്പീക്കറുടെ സീറ്റില്‍ ബിര്‍ള ഹാജരായിരുന്നില്ല. ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം തുടരുകയാണ്.
മാസങ്ങളായി വംശീയ കലാപം നേരിടുന്ന സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടു.
ഇന്ന് ലോക്സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി അംഗം കിരിത് സോളങ്കി നേതൃത്വം നല്‍കിയെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ ബഹളം മൂലം സഭ നിർത്തിവയ്ക്കുകയായിരുന്നു.