ഭൂമിതരംമാറ്റം: ആർഡിഒമാരുടെ അധികാരം ഡപ്യൂട്ടി കളക്ടർമാർക്കു കൂടി
Wednesday, August 2, 2023 9:39 PM IST
തിരുവനന്തപുരം: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു കീഴിലുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഡപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് റവന്യു ഡിവിഷണൽ ഓഫിസറുടെ അധികാരം നൽകാൻ മന്ത്രിസഭാ തീരുമാനം. ഈ വ്യവസ്ഥ ഉൾപ്പെടുത്തി 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരടു ബിൽ മന്ത്രിസഭ അംഗീകരിച്ചു.
നിയമത്തിലെ ഇളവുകൾ പ്രകാരം ഭൂമി തരം മാറ്റ അപേക്ഷകൾ പരിശോധിച്ചു താലൂക്ക് തലത്തിൽ ഉത്തരവിടുന്നതിനാണ് ഡപ്യൂട്ടി കളക്ടർമാർക്ക് അധികാരം നൽകുന്നത്. നിലവിൽ ഭൂമി തരം മാറ്റ അപേക്ഷ പരിഗണിക്കാനുള്ള അധികാരം 27 റവന്യു ഡിവിഷനുകളിലായി റവന്യു ഡിവിഷണൽ ഓഫിസർമാർക്ക് (ആർഡിഒ) മാത്രമാണ്.
ജില്ലാ തലത്തിലുള്ള ഡപ്യൂട്ടി കളക്ടർമാരെ 78 താലൂക്കുകളിലായി നിയോഗിച്ചായിരിക്കും തരം മാറ്റ അപേക്ഷകൾ പരിഗണിക്കുക. ഭൂമി തരം മാറ്റത്തിനായി 2.4 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഡപ്യൂട്ടി കളക്ടർമാർക്കു കൂടി അധികാരം നൽകുന്നതിനുള്ള നിയമഭേദഗതി കൊണ്ടു വരുന്നത്.