റാംജിറാവു മുതൽ ബിഗ് ബ്രദർ വരെ; പേരിനുപോലുമുണ്ടായിരുന്നു പുതുമകൾ
അഞ്ജു
Tuesday, August 8, 2023 10:21 PM IST
കോട്ടയം: സിദ്ദിഖ് എന്ന സംവിധായകനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളും. അധികം ഏച്ചുകെട്ടലുകളില്ലാത്ത, ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കുവാന്‍ കഴിയുന്ന ചിത്രങ്ങളായിരുന്നു എല്ലാം.
സംവിധാന മികവിനോടൊപ്പം തന്നെ തന്റെ സിനിമയുടെ കഥാപാത്രമായി വരുന്ന ഓരോ നടനെയും വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.സിദ്ദിഖിന്റെ സിനിമകളിലെ ഹാസ്യകഥാപാത്രങ്ങളുടെ ഡയലോഗുകളൊക്കെ തന്നെ ശ്രദ്ദേയമായിരുന്നു.
കാലമെത്ര കഴിഞ്ഞാലും വീഞ്ഞ് പോലെയാണ് സിദ്ദിഖ് സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങള്‍.
അഞ്ഞൂറാനും, റാംജി റാവുവും, ഹിറ്റ്ലര്‍ മാധവന്‍കുട്ടിയും തുടങ്ങി പരുക്കന്‍ കഥാപാത്രങ്ങളെപോലും അവരുടെ ഗൗരവം കലര്‍ന്ന സംസാര ശൈലി നിലനിര്‍ത്തിക്കൊണ്ട് തന്നെ ഹാസ്യംകൊണ്ടുവരാന് സിദ്ദിഖിന് കഴിഞ്ഞു.
ഇന്നസെന്റ്, കൊച്ചിന് ഹനീഫ, ഹരിശ്രീ അശോകന്, ജഗദീഷ് തുടങ്ങിയവരുടെ സിനിമാജീവിതത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ സിദ്ദിഖിന്റെ സിനിമയിലായിരുന്നു.
സിദ്ദിഖ് ചിത്രങ്ങളുടെ പേരുകള്ക്കുമുണ്ടൊരു വ്യത്യസ്തത. ചിത്രങ്ങളിലധികവും ഇംഗ്ലീഷ് പേരുകളാണ് അദ്ദേഹം നല്‍കിയത്. റാംജിറാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ചലര്‍, ബോഡി ഗാര്‍ഡ്, ഭാസ്ക്കര്‍ ദ റാസ്ക്കല്‍ എന്നിങ്ങനെ പുതുമയാര്‍ന്ന പേരുകളായിരുന്നു എല്ലാം. അധികം സങ്കീര്‍ണതകളില്ലാതെ എന്നാല്‍ ചിരിയോടൊപ്പം വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ഓരോ സിനിമയും.
തുടക്കം മുതല്‍ മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനുമൊക്കെ പൊട്ടിച്ചിരിപ്പിക്കുന്നവിധത്തില് അഭിനയിച്ചെങ്കിലും കഥയുടെ ഗതി മാറിയത് ഹലോ റാം ജി റാവ് സ്പീക്കിംഗ്... എന്ന ഒറ്റ ഡയലോഗിലായിരുന്നു.
സിനിമ കാണുമ്പോള്‍ ആദ്യപകുതി ഭാഗം വരെ തോന്നിയേക്കാം, എന്താ അങ്ങനെയൊരു പേരെന്ന്, എന്നാല്‍ റാംജിറാവു രംഗപ്രേവേശനം ചെയ്യുന്നതോടെ മനസിലാകും ഈ പേരേ ഈ സിനിമയ്ക്ക് ചേരൂ എന്നുള്ളത്.
സുന്ദരികളായ തന്റെ അഞ്ച് പെങ്ങന്മാരെയും കൂട്ടി പുറത്തേക്കിറങ്ങുന്ന മാധവന്‍കുട്ടിയ്ക്ക് നേരിടേണ്ടി വരുന്നത് വഴിനീളെയുള്ള പൂവാലന്മാരെയാണ്. ഈ പൂവാലന്മാര് തന്നെയാണ് മാധവന്‍കുട്ടിയെ ഹിറ്റ്ലര്‍ എന്ന് വിളിക്കുന്നതും.
സിനിമയിലുടനീളം മമ്മൂട്ടി അവതരിപ്പിച്ച ഈ കഥാപാത്രത്തിനെ ചുറ്റിപ്പറ്റി ചിരിക്കാന്‍ കുറെയുണ്ട്. ഒരു പക്ഷേ മലയാളികള്‍ ഹിറ്റ്ലര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നതും ആ മമ്മൂട്ടി കഥാപാത്രത്തെയായിരിക്കും. അത്രയ്ക്ക് സ്വീകാര്യതയായിരുന്നു സിദ്ദിഖിന്റെ കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കും കിട്ടിയത്.
കാലത്തിനൊപ്പം സഞ്ചരിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. അടുത്ത കാലത്തായിട്ട് ഇറങ്ങിയ സിദ്ദിഖ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കും ഹാസ്യം അസാധ്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന നര്‍മ്മ സംഭാഷണങ്ങള്‍ നിറഞ്ഞതായിരുന്നു.
മലയാളത്തിലെന്നതു പോലെ സിദ്ദിഖിന്റെ അന്യഭാഷ ചിത്രങ്ങള്‍ ഏറെ ശ്രദ്ധക്കപ്പെട്ടവയായിരുന്നു. ബോഡിഗാര്‍ഡ്, ഫ്രണ്ട്സ് തുടങ്ങി മലയാളത്തില്‍ നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ചിത്രങ്ങളൊക്കെ തന്നെ ഹിറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.
ചിരിയിലൂടെ കൊണ്ടുപോയി ഇടയ്ക്ക് അല്പം സംഘര്ഷത്തിലെത്തിച്ചാലും സിദ്ദിഖ് സിനിമകളുടെയൊക്കെ പര്യവസാനം പ്രേക്ഷകരെ നിരാശപ്പെടുത്താത്ത വിധത്തിലാണ്. അതുകൊണ്ട് തന്നെ സിദ്ദിഖ് സിനിമകളിലൊക്കെ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ തന്നെ നല്‍കാറുണ്ട്. ആ പ്രതീക്ഷകളോട് നീതി പുലര്‍ത്തുവാന്‍ കഴിഞ്ഞെന്നത് തന്നെയാണ് സിദ്ദിഖ് എന്ന സംവിധായകന്റെ വിജയവും.