പാക്കിസ്ഥാനിൽ പോളിയോ കുത്തിവയ്പ്പിന് സുരക്ഷ നൽകിയ ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തി
Wednesday, August 9, 2023 7:16 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പോളിയോ പ്രതിരോധ കുത്തിവയ്പ് നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തി.
ഖൈബർ പഖ്തൂൺവ പ്രവിശ്യയിലെ ബന്നു ജില്ലയിലെ പ്രതിരോധ കുത്തിവയ്പ് കാമ്പയിനിടെയാണ് ആക്രമണം നടന്നത്. വീടുവീടാന്തരം കയറി അവബോധം നൽകി പ്രതിരോധ കുത്തിവയ്പ് നടത്തിയ ആരോഗ്യപ്രവർത്തകരുടെ ഒപ്പമെത്തിയ ഉദ്യോഗസ്ഥരുടെ നേരെയാണ് വെടിവയ്പ് ഉണ്ടായത്. വെടിവയ്പ്പിന് ശേഷം അക്രമിസംഘം രക്ഷപ്പെട്ടു.
പോളിയോ പ്രതിരോധ കുത്തിവയ്പ് ജനങ്ങളുടെ പ്രത്യുദ്പാദനശേഷി കുറയ്ക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ അജൻഡയാണെന്നാണ് പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ മേഖലകളിലെ തീവ്രനിലപാടുകാർ പ്രചരിപ്പിക്കുന്നത്. പോളിയോ വ്യാപകമായി പടർന്നുപിടിക്കുന്നത് തുടരുന്ന ലോകത്തിലെ രണ്ട് രാജ്യങ്ങൾ ഇവ മാത്രമാണ്.