ഷാരുഖ് ചിത്രം ജവാന്റെ ദൃശ്യങ്ങൾ ചോർന്നു; പരാതിയുമായി നിർമാതാവ്
Saturday, August 12, 2023 12:15 PM IST
മുംബൈ: ഷാരുഖ് ഖാനും നയൻതാരയും പ്രധാനവേഷത്തിലെത്തുന്ന ജവാൻ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്നതായി പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ റെഡ്ചില്ലീസ് എന്റർടെയ്ൻമെന്റ്സാണ് മുംബൈ സാന്റാക്രൂസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
ചിത്രത്തിലെ ഷാരുഖിന്റെ നൃത്തരംഗങ്ങൾ അടക്കമുള്ള ചില രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ദൃശ്യങ്ങൾ പ്രചരിച്ച അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.
ചിത്രീകരണവേളയിൽ മൊബൈൽ ഫോണുകളും മറ്റും ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് കർശന നിയന്ത്രണമുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങളെയും മറികടന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സൂചന.
ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്.