പ്രതിസന്ധികൾ അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണം: മന്ത്രി ആന്റണി രാജു
Sunday, August 13, 2023 2:44 AM IST
തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
എയ്ഡ്സ് രോഗം വർധിക്കുന്ന സാഹചര്യം ഗൗരവകരമായി കാണണം. സുരക്ഷിതത്വ ബോധവും ശരിയായ ജീവിത രീതികളും പിൻതുടരണ്ടതിനെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ ധാരണ സൃഷ്ടിക്കണം.
മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യം നിലവിലുണ്ട്. ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളും യുവജനങ്ങളും ലഹരി ചതിയിൽ പെടുന്നുണ്ട്. മാനസികമായ ഗുരുതര പ്രശ്നങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും പിന്നീട് ഇവർ എത്തപ്പെടുന്നു.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇതിനെതിരെ സ്കൂൾ തലം മുതൽ ശക്തമായ ബോധവൽക്കരണം നടത്തുകയാണ്. ചെറിയ പ്രതിസന്ധിയിൽ പോലും മാനസികമായി തകരുന്ന അവസ്ഥക്കപ്പുറം പരാജയങ്ങളെയും സഹിഷ്ണുതയോടെ നേരിടാൻ യുവജനതയക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.