അജിത് തന്റെ അനന്തരവനാണ്, അദ്ദേഹവുമായുള്ള കൂടിക്കാഴ്ച രഹസ്യമല്ല: ശരദ് പവാർ
Sunday, August 13, 2023 10:40 PM IST
മുംബൈ: അജിത് പവാർ തന്റെ അനന്തരവനാണെന്നും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച രഹസ്യമല്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. കഴിഞ്ഞ ദിവസം പൂനെയിലെ ഒരു വ്യവസായിയുടെ വീട്ടിൽ അജിത് പവാറുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്റെ പാര്‍ട്ടി ബിജെപിക്കൊപ്പം പോകില്ല. ചില അഭ്യുദയകാംക്ഷികള്‍ തന്നെ ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ബിജെപിയുമായുള്ള ഒരു ബന്ധവും എന്‍സിപിയുടെ രാഷ്ട്രീയ നയത്തിന് യോജിച്ചതല്ലെന്നും ശരദ് പവാർ പറഞ്ഞു.
അജിത് പവാര്‍ തന്റെ അനന്തരവനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതിലെന്താണ് തെറ്റ്? കുടുംബത്തിലെ മുതിര്‍ന്ന ആള് മറ്റൊരു കുടുംബാംഗത്തെ കാണുന്നതില്‍ ഒരു പ്രശ്നവുമില്ല.
പാര്‍ട്ടിയില്‍ ചിലയാളുകള്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടു. അവര്‍ക്ക് തങ്ങള്‍ ആ നിലപാടിനൊപ്പം നില്‍ക്കുമോ എന്നറിയണം. അതുകൊണ്ടാണ് അവര്‍ തങ്ങളുമായി സൗഹൃദ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ എൻസിപി പിളർത്തി അജിത് പവാർ എൻഡിഎയിൽ പ്രവേശിച്ചിരുന്നു. എൻഡിഎയിലെത്തിയ അജിത് പവാറിനെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദവി നൽകിയാണ് ബിജെപി സഖ്യസർക്കാർ സ്വീകരിച്ചത്.