ഉത്തര കൊറിയ കൊടുങ്കാറ്റ് ഭീഷണിയിൽ; കിമ്മിന്റെ ഛായാചിത്രം സംരക്ഷിക്കണമെന്ന് നിർദേശം
Monday, August 14, 2023 4:31 AM IST
പ്യോഗ്യാംഗ്: ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന ഉത്തര കൊറിയയിൽ പരമോന്നത നേതാവ് കിം ജോംഗ് ഉന്നിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മുൻ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ജനങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന് നിർദേശം.
കാനുൻ എന്ന പേരുള്ള ചുഴലിക്കാറ്റ് ഉത്തരകൊറിയയിൽ വലിയ നാശം വിതച്ചേക്കുമെന്ന ആശങ്കയ്ക്കിടെയാണ് ജനങ്ങളേക്കാൾ നേതാവിന്റെ ചിത്രത്തിന് പ്രാധാന്യം നൽകണമെന്ന നിർദേശം വന്നിരിക്കുന്നത്. നിർദേശം ലംഘിക്കുന്നവർ ശിക്ഷിക്കപ്പെട്ടേക്കാമെന്നാണ് സൂചന.
കിം ജോംഗ് ഉൻ, പിതാവ് കിം ജോംഗ് ഇൽ, മുത്തച്ഛൻ കിം ഇൽ സംഗ് എന്നിവരുടെ ചിത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നല്കേണ്ടതെന്ന് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രമായ റാഡോംഗ് സിൻമുൺ നിർദേശിച്ചു.
കിം കുടുംബത്തിന്റെ സ്മാരകങ്ങൾ, പ്രതിമകൾ മുതലായവയും സുരക്ഷിതമാക്കണം. ഉത്തര കൊറിയ 1948-ൽ രൂപംകൊണ്ടതുമുതൽ കിം കുടുംബമാണ് ഭരണം നടത്തുന്നത്.