മുഖ്യമന്ത്രി ഓട്ടച്ചങ്കൻ; മരുമകന് ആഭ്യന്തരവകുപ്പ് കൈമാറിയോ എന്നു വ്യക്തമാക്കണം: ആഞ്ഞടിച്ച് സതീശന്
Monday, August 21, 2023 12:27 PM IST
പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടച്ചങ്കനല്ലെന്നും ഓട്ടച്ചങ്കനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി. മുഖ്യമന്ത്രിക്ക് ജനത്തെയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഭയമാണെന്നും അദ്ദേഹം പരിഹസിച്ചു.
പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന്റെ ഭാഗമായി തുറന്ന വാഹനത്തിലുള്ള മണ്ഡല പര്യടനം പാമ്പാടി പത്താഴക്കുഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി. സതീശന്.
മുഖ്യമന്ത്രി 24ന് പുതുപ്പളളിയില്‍ പ്രചാരണത്തിനായി എത്തുന്ന സാഹചര്യത്തിൽ മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച ഒരു കാര്യത്തിലും മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സതീശന്റെ വിമർശനം.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കളും പല ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിട്ടില്ലെന്നു സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നു. ഉപജാപക സംഘത്തിനു നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസാണ്. അമിതമായ അധികാരം കൈയാളുകയാണ് റിയാസ്. ആഭ്യന്തരവകുപ്പ് മുഹമ്മദ് റിയാസിനു കൈമാറിയോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ നിലനിര്‍ത്തി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നയാളാണ് രമേശ് ചെന്നിത്തലയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയ നടപടിയില്‍ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്നും സതീശന് പറഞ്ഞു.
പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്താണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.