മുസ്ലീം വിദ്യാർഥികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട അധ്യാപിക വിവാദത്തിൽ
Sunday, September 3, 2023 12:38 PM IST
ബംഗുളൂരു: കർണാടകയിൽ മുസ്ലീം വിദ്യാർഥികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട അധ്യാപികയ്ക്കെതിരെ പരാതി. ശിവമോഗ ജില്ലയിലെ ഉറുദു സ്കൂളിലായിരുന്നു സംഭവം.
അധ്യാപിക ക്ലാസ് എടുക്കുന്ന സമയം അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർഥികൾ വഴക്കിട്ടിരുന്നു. ഇതിനിടെയാണ് അധ്യാപിക ഇവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. കൂടാതെ ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. ഇതേതുടർന്ന് ഇവരെ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റി. പരാതിയിന്മേൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബി. നാഗരാജ് പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷങ്ങളായി ഈ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് ആകെ 26 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്.