കറുത്ത വർഗക്കാരിയായ ഗർഭിണിയെ വെടിവച്ച് കൊന്ന് പോലീസ്; ദൃശ്യങ്ങൾ പുറത്ത്
Sunday, September 3, 2023 3:29 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരിയായ ഗര്‍ഭിണിയെ പോലീസ് വെടിവച്ച് കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓഗസ്റ്റ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബ്ലെന്‍ഡന്‍ ടൗണ്‍ഷിപ്പ് പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ് പുറത്തുവിട്ടത്.
താകിയ യംഗ്(21) ആണ് കൊല്ലപ്പെട്ടത്. കടയില്‍ സാധനം വാങ്ങാനെത്തിയ യുവതി മോഷണം നടത്തിയെന്ന് കടയുടമ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനെയും വിളിച്ചുവരുത്തി.
ഇവിടെയെത്തിയ പോലീസ് കാറിനുള്ളില്‍ ഇരിക്കുകയായിരുന്ന യുവതിയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച യുവതി വാഹനം മുന്നോട്ട് എടുത്തപ്പോള്‍ പോലീസ് വെടിവയ്ക്കുകയായിരുന്നു.
യുവതിക്ക് വെടിയേറ്റതോടെ നിയന്ത്രണം നഷ്ടമായ കാര്‍ കടയില്‍ ഇടിച്ചുനിന്നു. ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടു കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട താകിയ യംഗ.
അതേസമയം, യുവതിക്ക് നേരെ നിറയൊഴിച്ച ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നയാളും അവധിയിൽ പ്രവേശിച്ചു. ഇവർക്കെതിരെ ഒഹായോ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അന്വേഷണം ആരംഭിച്ചു.