ഗവർണർ ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്ന് ബംഗാൾ മന്ത്രി
Monday, September 4, 2023 6:12 PM IST
കോൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഏകാധിപത്യ ശൈലിയിലാണ് പെരുമാറുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭ്രത്യ ബാസു.
സംസ്ഥാനത്തെ ഏഴ് സർവകലാശാലകളിലേക്ക് താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് ബസു ഈ പ്രസ്താവന നടത്തിയത്.
വിസി നിയമനത്തിൽ രാജ്ഭവൻ ഏകാധിപത്യ ശൈലിയാണ് സ്വീകരിക്കുന്നത്. ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വ്യക്തമാക്കുന്ന നിയമസഭാ ബില്ലിന്റെ ലംഘനം ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്. വിസി നിയമനം ഗവർണർ നടത്തിയത് ആരുമായും ചർച്ച ചെയ്യാതെയാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുന്ന നടപടിയാണിതെന്നും ബസു കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാത്രിയാണ് സർവകലാശാലകളിലെ വിസിമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാജ്ഭവൻ പുറത്തിറക്കിയത്.