സ്വീഡനിൽ വീണ്ടും ഖുറാൻ കത്തിക്കൽ; സംഘർഷത്തിൽ മൂന്ന് പേർ അറസ്റ്റിൽ
Monday, September 4, 2023 7:25 PM IST
സ്റ്റോക്ഹോം: സ്വീഡനിൽ തീവ്ര വലതുപക്ഷ വിഭാഗക്കാരൻ ഖുറാൻ കത്തിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാൽമോയിൽ ഞായറാഴ്ച രാത്രിയോടെ(പ്രാദേശിക സമയം) ആണ് സംഭവം നടന്നത്. സൽവാൻ മോമിക എന്ന സ്ഥിരം ഖുറാൻ വിരുദ്ധ പ്രക്ഷോഭകൻ വീണ്ടും ഗ്രന്ഥം കത്തിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.
അഭയാർഥികൾ വസിക്കുന്ന മേഖലയ്ക്ക് സമീപം നടന്ന സംഘർഷത്തിനിടെ പോലീസിന് നേർക്ക് കല്ലേറുണ്ടായി. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബാരിക്കേഡുകളും പ്രതിഷേധക്കാർ തീവച്ച് നശിപ്പിച്ചു.
മോമിക അടക്കമുള്ളവർ നടത്തുന്ന ഖുറാൻ വിരുദ്ധ പ്രക്ഷോഭം തടയണമെന്ന് ഇസ്ലാം മതവിശ്വാസികൾ സ്വീഡൻ പോലീസിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വ്യക്തിസ്വാതന്ത്യത്തിന്റെ പേരിൽ ഇതിന് അനുവാദം നൽകാറാണ് പതിവ്.