ജൽ ജീവൻ മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ; രാജസ്ഥാനിൽ പരിശോധന
Tuesday, September 5, 2023 5:57 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ മറവിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.
ജയ്പൂർ, അൽവാർ, നീമ്രാന, ബെഹ്റോർ, ഷാപുര തുടങ്ങിയ നഗരങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. തുടർന്ന് കണക്കിൽപ്പെടാത്ത 2.32 കോടി രൂപയും 64 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണക്കട്ടിയും ഡിജിറ്റൽ തെളിവുകൾ, ഹാർഡ് ഡിസ്കുകൾ, മോബൈൽ ഫോണുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.
രാജസ്ഥാനിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പദംചന്ദ് ജെയിൻ (പ്രൊപ്രൈറ്റർ: എം/എസ്. ശ്രീ ശ്യാം ട്യൂബ്വെൽ കമ്പനി), മഹേഷ് മിത്തൽ (പ്രൊപ്രൈറ്റർ എം/എസ് ശ്രീ ഗണപതി ട്യൂബ്വെൽ കമ്പനി), തുടങ്ങിയ വ്യക്തികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
എം/എസ് ജിഡിഎസ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചു. ഡയറക്ടർ ഉമാ ശങ്കർ പത്രോയും മറ്റു ചിലരുമാണ് കേസിലെ പ്രതികൾ.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഏകദേശം ₹ 19.67 കോടിയുടെ സ്വത്തുക്കൾ താൽക്കാലികമായി അറ്റാച്ച് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം അഴിമതി വിരുദ്ധ ബ്യൂറോ (എസിബി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഭുവനേശ്വർ രജിസ്റ്റർ ചെയ്ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.