അർജന്റീനയുടെ ലോകകപ്പ് വിജയം കൃത്രിമം നടത്തിയെന്ന് ഡച്ച് കോച്ച്
Wednesday, September 6, 2023 5:11 AM IST
ആംസ്റ്റർഡാം: ഖത്തർ ലോകകപ്പിൽ ലയണൽ മെസി നയിച്ച അർജന്റീന ചാമ്പ്യന്മാരാകുന്നതിന് അധികൃതർ കൃത്രിമം നടത്തിയതായി നെതർലൻഡ്സ് പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ. ഒരു അവാർഡ് ദാന ചടങ്ങിനിടെ എൻഒഎസ് ചാനലിനോടാണ് വാൻ ഗാൽ ഇക്കാര്യം പറഞ്ഞത്.
"അർജന്റീന ഗോൾ നേടിയതും ഞങ്ങൾ ഗോൾ നേടിയതും എങ്ങനെയാണെന്ന് നിങ്ങൾ നോക്കൂ. ചില അർജന്റീന കളിക്കാർ അങ്ങേയറ്റം മോശമായാണ് പെരുമാറിയത്. എന്നിട്ട് അവർക്ക് ശിക്ഷയൊന്നും കിട്ടിയില്ല. അതുകൊണ്ടാണ് എല്ലാം ആദ്യമേ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് ഞാൻ ചിന്തിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
ടൈബ്രേക്കറിലേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റാണ് നെതർലാൻഡ്സ് ലോകകപ്പിൽനിന്ന് പുറത്തായത്. മത്സരത്തിനിടെ വാൻ ഗാലിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രതികരിച്ച മെസി ഡച്ച് കോച്ചിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.