ലക്‌നൗ: യുപിയില്‍ ദളിത് വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടിയുടെ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്‍റ് മസൂം റാസ റാഹിക്കെതിരെയാണ് സദര്‍ കോട്‌വാലി പോലീസ് കേസെടുത്തത്.

ഓഗസ്റ്റ് 28നാണ് നടുക്കുന്ന സംഭവമുണ്ടായതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയിലുണ്ട്. പെണ്‍കുട്ടിയും അച്ഛനും മൂന്നു സഹോദരിമാരും സഹോദരനും മസൂമിന്‍റെ വീട്ടിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ച് തന്നെയാണ് മസൂം തന്നെ പീഡിപ്പിച്ചതെന്നും തടയാന്‍ ശ്രമിച്ച പിതാവിനെ ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.

പിതാവ് ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയടക്കം ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് മസൂമിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കേസിനെ പറ്റി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ കണ്‍വീനര്‍ സഞ്ജയ് പാണ്ഡേ പറഞ്ഞു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും ഇരയ്ക്കും കുടുംബത്തിനും നീതി കിട്ടുമെന്നും പാണ്ഡേ വ്യക്തമാക്കി.