വെള്ളിത്തിരയിലെ വിസ്മയത്തിന് 72; മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍
Thursday, September 7, 2023 11:36 AM IST
കോട്ടയം: മലയാളത്തിന്റെ നിത്യയൗവനം മമ്മൂട്ടിക്ക് വ്യാഴാഴ്ച 72-ാം പിറന്നാള്‍. 1951 സെപ്റ്റംബര്‍ ഏഴിന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം.
ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായി ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്.
1971 ഓഗസ്റ്റ് ആറിന് "അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ അദ്ദേഹം ഇന്ന് ഇന്ത്യന്‍ സിനിമയുടെ മുടിചൂടാ മന്നന്മാരില് ഒരാളാണ്. ഏകദേശം 500-ല്‍ അധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട അടക്കമുള്ള ഭാഷകളില്‍ ഇദ്ദേഹം വേഷപ്പകര്‍ച്ച നടത്തി.
ദേശീയ പുരസ്കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ ഈ മേഖലയില്‍ മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടി. അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 12 തവണ ഫിലിം ഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്കാരവും തേടിയെത്തി.
നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിന് ഒട്ടും കുറവില്ല. മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയിലര്‍ വൈകിട്ട് ആറിനും പുറത്തിറങ്ങും. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡില്‍ പോലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പ്രിയ താരത്തിന്റെ ജന്മദിനത്തില് നിരവധി പ്രമുഖര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാനം ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.