"അഭിമാന സെല്‍ഫി'യുമായി ആദിത്യ എല്‍ 1: മൂന്ന് ചിത്രങ്ങള്‍ ലഭിച്ചുവെന്ന് ഐഎസ്ആര്‍ഒ
വെബ് ഡെസ്ക്
Thursday, September 7, 2023 2:48 PM IST
ചെന്നൈ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1ല്‍ നിന്നും സെല്‍ഫി ഉള്‍പ്പടെ മൂന്ന് ചിത്രങ്ങള്‍ ലഭിച്ചുവെന്നറിയിച്ച് ഐഎസ്ആര്‍ഒ. ഒന്നാം ലഗ്രാഞ്ച് ബിന്ദു(എല്‍1)വിന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുന്നതിനിടെയാണ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. പേടകത്തിന്‍റെ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രമാണ് ലഭിച്ചത്.
ഇത് ചേര്‍ത്തുകൊണ്ടുള്ള വീഡിയോയും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍ററിൽ നിന്നും ആദിത്യ എല്‍ 1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്.
ലക്ഷ്യ സ്ഥാനത്ത് എത്തണമെങ്കില്‍ ആദിത്യയ്ക്ക് 15 ലക്ഷം കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. 125 ദിവസം കൊണ്ട് ഇത്രയും ദൂരം പിന്നിടുകയാണ് ലക്ഷ്യം. ഏകദേശം 16 ദിവസമാണ് ആദിത്യ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരുക. 1480.7 കിലോഗ്രാമാണ് ആദിത്യ എല്‍1 പേടകത്തിന്‍റെ ഭാരം.
ഒന്നാം ലഗ്രാഞ്ച് ബിന്ദു(എല്‍1)വിന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലെത്തിയാല്‍ അഞ്ചു വര്‍ഷത്തോളം സൂര്യന്‍റെ ബാഹ്യാന്തരീക്ഷത്തെ പറ്റി പഠനം നടത്തും. ഇക്കാലയളവില്‍ പ്രതിദിനം 1440 ചിത്രങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയയ്ക്കുമെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചിരുന്നു.