തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയോടുള്ള ശക്തമായ സഹതാപ തരംഗമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ഏറ്റവും ജനപ്രീതിയുള്ള നേതാവിന്‍റെ മരണം സംഭവിച്ച് ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടന്നതും അനുകൂല ഘടകമായി. മുന്‍പുണ്ടായിരുന്ന നേതാക്കള്‍ മരണപ്പെടുന്പോൾ കാണുന്ന പ്രതിഭാസം തന്നെയാണ് പുതുപ്പള്ളിയിലുണ്ടായത്. തൃക്കാക്കരയിലും അരുവിക്കരയിലും അത് തന്നെയാണ് സംഭവിച്ചത്.

കേരളത്തില്‍ ഭരണവിരുദ്ധ തരംഗമുണ്ടെന്നും ജനങ്ങളുടെ മുന്നില്‍ പിണറായി വിജയനെ പാഠം പഠിപ്പിക്കാനുള്ള അജന്‍ഡയാണുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഉടനീളം ഇടതുമുന്നണിക്ക് വലിയ തകര്‍ച്ചയാണുണ്ടായിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം താല്‍ക്കാലികമായ പ്രതിഭാസമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.