നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫോറന്‍സിക് റിപ്പോർട്ട്
വെബ് ഡെസ്ക്
Saturday, September 9, 2023 10:19 AM IST
തിരുവനന്തപുരം: യുവ ചലചിത്ര പ്രവര്‍ത്തക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍. ഹൃദയാഘാതം മൂലമാകാം മരണം സംഭവിച്ചതെന്നും വിദഗ്ധ സംഘം വിലയിരുത്തി.
വയറ്റിലും കഴുത്തിലും പരിക്കുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് മരണകാരണമല്ല. എന്നാല്‍ എന്താണ് മരണത്തിന്റെ യഥാര്‍ഥ കാരണമെന്ന നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
അമിതമായി മരുന്നുകള്‍ ഉപയോഗിച്ചത് മൂലം മയോ കാര്‍ഡിയോ ഇന്ഫ്രാക്ഷന് ഉണ്ടായിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അമിതമായി ഗുളികകള്‍ കഴിച്ച് ബോധക്ഷയമുണ്ടായതിന് പിന്നാലെ അഞ്ച് പ്രാവശ്യം നയനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരണവുമായി ബന്ധപ്പെട്ട നിഗമനങ്ങളുള്ള വിശദമായ റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ഗുജറാല്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലാകാനും അത് പിന്നീട് മരണത്തിലേക്ക് നയിക്കാനുളള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.
നയനയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മരണശേഷമുള്ള ജീവിതത്തെ പറ്റി സെര്‍ച്ച് ചെയ്തതായും സൂചനയുണ്ട്. ഫോറന്‍സിക്കിന്റെ വിദഗ്ധ റിപ്പോര്‍ട്ട് വന്നിരിക്കുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈം ബ്രാഞ്ച് കോടതി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.