ജി 20 ഉച്ചകോടി: പ്രധാനമന്ത്രിയുടെ ബോര്‍ഡില്‍ ഇന്ത്യക്ക് പകരം "ഭാരത്'
Saturday, September 9, 2023 11:51 AM IST
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ രാജ്യത്തിന്റെ പേര് സൂചിപ്പിക്കുന്ന ഫലകത്തില്‍ ഇന്ത്യക്ക് പകരം "ഭാരത്'. നരേന്ദ്ര മോദിയുടെ മുന്നില്‍ വച്ചിരുന്ന നാമത്തകിടിലാണ് "ഭാരത്' എന്നെഴുതിയിരിക്കുന്നത്.
ജി 20 ഉച്ചകോടിക്കെത്തുന്ന വിദേശ നേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ "പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം "പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഭരണഘടനയില്‍ ഇന്ത്യക്കും ഭാരതത്തിനും തുല്യപ്രാധാന്യമുണ്ടെന്നിരിക്കെ ഔദ്യോഗിക ക്ഷണക്കത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നയംമാറ്റം.
ജി 20 ഉച്ചകോടിയുടെ വേദിക്ക് ഭാരത് മണ്ഡപം എന്നു പേരിട്ടെങ്കിലും ഉച്ചകോടിയുടെ ലോഗോയിലും പോസ്റ്ററുകളിലും ബോര്‍ഡുകളിലും വെബ് പോര്‍ട്ടലിലും ഉള്‍പ്പെടെ ഇടതുവശത്ത് ഹിന്ദിയില്‍ ഭാരത് എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ "ഇന്ത്യ' എന്നുമാണുള്ളത്.
നേരത്തെ, രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പേര് മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുമെന്ന റിപ്പോർട്ടുകൾ വന്നിതുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് "ഇന്ത്യ' എന്ന പേര് നല്‍കിയതിനാലാണ് രാജ്യത്തിന്റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാളും എന്‍സിപി നേതാവ് ശരദ് പവാറും ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെ പേര് "ഭാരത്' എന്നാക്കി മാറ്റാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അന്ന് പ്രതികരിച്ചത്.
ഇന്ത്യ എന്ന പേര് "ഭാരത്' ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി 2016 മാര്‍ച്ചില്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഹര്‍ജിയെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത കോടതി ഇത്തരം ഹര്‍ജികള്‍ പരിഗണിക്കില്ലെന്നുകൂടി വ്യക്തമാക്കിയിരുന്നു.