ഓണലഹരി; ഓണം ഡ്രൈവില്‍ പിടിച്ചത് 3.25 കോടിയുടെ മയക്കുമരുന്ന്
Sunday, September 10, 2023 7:22 PM IST
തിരുവനന്തപുരം: ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 10469 കേസുകള്‍. ഇതില്‍ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്.
മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും അറസ്റ്റിലായിട്ടുണ്ട്. ഓഗസ്റ്റ് ആറിന് ആരംഭിച്ച ഓണം സ്പെഷല്‍ ഡ്രൈവ് സെപ്റ്റംബര്‍ അഞ്ചിനാണ് അവസാനിച്ചത്. 3.25 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് പിടിച്ചത്.
ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്. കുറവ് കാസര്‍ഗോഡ് ജില്ലയില്‍ (8 കേസുകള്‍). അബ്കാരി കേസുകള്‍ ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട് (55), ഇടുക്കി (81 കേസുകള്‍) ജില്ലകളിലുമാണ്.
സംസ്ഥാനത്താകെ പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2203 കിലോ പുകയില ഉത്പ്പന്നങ്ങളാണ് പിടിച്ചത്. ഡ്രൈവിന്റെ ഭാഗമായി 409.6 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിന്‍, 9 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയില്‍, 83 ഗ്രാം മെതാംഫെറ്റമിന്‍, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു.
194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളില്‍ 1069.1 ലിറ്റര്‍ ചാരായം, 38311 ലിറ്റര്‍ വാഷ്, 5076.32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 585.4 ലിറ്റര്‍ വ്യാജമദ്യം, 1951.25 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.