ബിസിസിഐ വക ഇന്ത്യ - പാക് ടെസ്റ്റ്! ഏഷ്യാ കപ്പ് "മഴമത്സരം' റിസർവ് ദിനത്തിലേക്ക്
Sunday, September 10, 2023 10:03 PM IST
കൊളംബോ: അമിത് ഷായുടെ മകൻ ജയ് ഷാ ഭരിക്കുന്ന ബിസിസിഐയുടെ രാഷ്ട്രീയ പിടിവാശി മൂലം ശ്രീലങ്കയിലേക്ക് കൂടി പറിച്ചുനടപ്പെട്ട ഏഷ്യാ കപ്പിൽ വീണ്ടും മഴക്കളി. ടൂർണമെന്റിലെ ഇന്ത്യ - പാക്കിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് നീട്ടിവച്ചു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് തുടരവേയാണ് മഴ എത്തിയത്. മണിക്കൂറുകൾ കാത്തുനിന്നിട്ടും മഴ മാറാത്തത് മൂലം കളി റിസർവ് ദിനത്തിലേക്ക് ദീർഘിപ്പിക്കുകയായിരുന്നു.
മഴ വില്ലനായി എത്തിയ 24.1-ാം ഓവറിന്റെ ബാക്കിയായി ആയിരിക്കും തിങ്കളാഴ്ച മത്സരം പുനരാരംഭിക്കുക. ഷദാബ് ഖാന് തന്റെ ആറാം ഓവറിലെ രണ്ടാം പന്ത് വിരാട് കോഹ്ലിക്ക് നേരെ തൊടുത്താകും മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ഈ "ഏകദിന' പോരാട്ടം വീണ്ടും ആരംഭിക്കുന്നത്.
എട്ട് റൺസെടുത്ത കോഹ്ലിക്കൊപ്പം 17 റൺസുള്ള കെ.എൽ. രാഹുൽ ആണ് ക്രീസിലുള്ളത്. രോഹിത് ശർമ(56) - ശുഭ്മാൻ ഗിൽ(58) കൂട്ടുകെട്ട് ഇന്ത്യയ്ക്ക് 121 റൺസുമായി ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം നൽകിയെങ്കിലും ഷദാബ് ഖാനും ഷഹീൻ ആഫ്രിദിയും ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ മടക്കി.
പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന ഭീഷണി ബിസിസിഐ മുഴക്കിയതോടെയാണ് ഇന്ത്യയ്ക്ക് വേണ്ടി ശ്രീലങ്കയെ കൂടി ടൂർണമെന്റ് വേദിയായി ഉൾപ്പെടുത്തിയത്. ലങ്കയിൽ മഴക്കാലമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പലരും അഭിപ്രായപ്പെട്ടെങ്കിലും ക്രിക്കറ്റ് ഉന്നതർ ചെവിക്കൊണ്ടില്ല.