ഗുവാഹത്തി: സോപ്പുപെട്ടിക്കുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍. 21 കോടി രൂപ വിലയുള്ള ഹെറോയിനാണ് ഇവരില്‍ നിന്നും കണ്ടെടുത്തതെന്ന് ഗുവഹാത്തി പോലീസ് അറിയിച്ചു.

അമീര്‍ ഖാന്‍, യാകൂബ്, ജാമിര്‍ എന്നിവരാണ് ഞായറാഴ്ച രാത്രി ഗുവാഹത്തിയിലെ ജോരബാത് മേഖലയില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. മൂവരും മണിപ്പുര്‍ സ്വദേശികളാണ്.

കാറില്‍ പ്രത്യേക അറ തയാറാക്കിയാണ് ഇവര്‍ സോപ്പുപെട്ടികള്‍ ഒളിപ്പിച്ചിരുന്നത്. ആകെ 198 സോപ്പുപെട്ടികളുണ്ടായിരുന്നുവെന്നും ഇവ പ്ലാസ്റ്റിക്ക് കവറുകൊണ്ട് കെട്ടിയ നിലയിലായിരുന്നുവലെന്നും പോലീസ് അറിയിച്ചു.

2.527 കിലോഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. രാത്രിയില്‍ പട്രോളിംഗ് ശക്തമാക്കണമെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.