രണ്ടാം ദിനം "ഇരട്ട' സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Monday, September 11, 2023 7:07 PM IST
കൊളംബോ: മഴ മൂലം റിസർവ് ദിനത്തിലേക്ക് മാറ്റിവച്ച സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ.
പരിക്ക് മൂലം മാസങ്ങളായി വിശ്രമത്തിലായിരുന്ന കെ.എൽ. രാഹുൽ(111*), അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് വിരാട് കോഹ്ലിക്കൊപ്പം(122*) വെടിക്കെട്ട് നടത്തിയാണ് ആഘോഷിച്ചത്. ഇരുവരും ചേർന്ന് ഇന്ത്യയെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന നിലയിൽ എത്തിച്ചു.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ 24.1-ാം ഓവറിലാണ് ഇന്ത്യ ഇന്നിംഗ്സ് ഇന്ന് പുനരാരംഭിച്ചത്. എട്ട് റൺസുമായി ബാറ്റിംഗ് പുനരാരംഭിച്ച കോഹ്ലി ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും പായിച്ചാണ് ഏകദിന കരിയറിലെ 47-ാം സെഞ്ചുറി നേടിയത്.
106 പന്തുകൾ നീണ്ട ഇന്നിംഗ്സിൽ രാഹുൽ 12 ഫോറുകളും രണ്ട് സിക്സറുകളും അടിച്ചെടുത്തു. 10 ഓവറിൽ ഷഹീൻ ആഫ്രീദി 79 റൺസ് നൽകി ഇന്ത്യയെ സഹായിച്ചപ്പോൾ ഫഹീം അഷ്റഫ് 74 റൺസും ഷദാബ് ഖാൻ 71 റൺസും വിട്ടുനൽകി.
പോരാട്ടത്തിന്റെ "യഥാർഥ ദിന'മായിരുന്ന ഞായറാഴ്ച, രോഹിത് ശർമ(56) - ശുഭ്മാൻ ഗിൽ(58) കൂട്ടുകെട്ട് ഇന്ത്യയ്ക്ക് 121 റൺസുമായി ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം നൽകിയെങ്കിലും ഷദാബ് ഖാനും ഷഹീൻ ആഫ്രിദിയും ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ മടക്കിയിരുന്നു.