കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തീപിടിച്ചു
Monday, September 11, 2023 8:46 PM IST
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
വൈകിട്ട് 5.45-ഓടെ ഇടച്ചോറ്റി മേഖലയിലാണ് സംഭവം നടന്നത്. കുമളി ആനവിലാസം വട്ടപാറയ്ക്കൽ ജോസുകുട്ടി ജോർജ്, ജിൻസി ജെയിംസ് എന്നിവർ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചത്.
അപകടം ഉണ്ടായതോടെ ഇരുവരും കാറിന് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കാറിനുള്ളിൽ നിന്ന് പുക ഉയരുകയും നിമിഷങ്ങൾക്കകം തീ പടർന്നുപിടിക്കുകയുമായിരുന്നു.
ഉടനടി അഗ്നിരക്ഷാ സേനയിൽ വിവരമറിയിച്ചെങ്കിലും മുണ്ടക്കയം പനക്കച്ചിറ ഭാഗത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇവർ എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.