മുസ്ലിം ലീഗ് ദേശീയ സമ്മേളനം നവംബർ 16-ന് ഡൽഹിയിൽ
Monday, September 11, 2023 11:44 PM IST
മലപ്പുറം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ദേശീയ സമ്മേളനം നവംബർ 16-ന് ന്യൂഡൽഹിയിൽ നടക്കും.
സമ്മേളനം താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി(പിഎസി) അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിൽ തീരുമാനമായി.
പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടക്കുന്ന ദേശീയ സമ്മേളനം ഉജ്വല വിജയമാക്കാനുളള പ്രവർത്തനങ്ങൾക്ക് പിഎസി യോഗം രൂപം നൽകി. രാവിലെ 10:30-ന് ആരംഭിച്ച് ഏഴിന് സമാപിക്കുന്ന സമ്മേളനത്തിൽ ലീഗ് ദേശീയ നേതാക്കളെ കൂടാതെ മതേതര പ്രതിപക്ഷ ചേരിയിലെ മുതിർന്ന നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
നവംബർ 17-ന് രാവിലെ 10:30-ന് ദേശീയ കൗൺസിൽ ചേർന്ന് ഭാവിയിലേക്കുള്ള രാഷ്ട്രീയ പ്രമേയങ്ങൾക്ക് അംഗീകാരം നൽകും. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ സജജമാക്കാനുളള ചർച്ചകൾക്ക് ദ്വിദിന സമ്മേളനം വേദിയാകും.
ഒക്ടോബർ അവസാനത്തോടെ സംസ്ഥാന പ്രതിനിധി സമ്മേളനങ്ങൾ പൂർത്തിയാക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഈ സമ്മേളനങ്ങൾ വഴി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് നവംബർ 16-ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അംഗത്വവിതരണം പൂർത്തീകരിച്ച കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും സംസ്ഥാന കമ്മിറ്റി വഴി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ സാരഥികളാണ് ഡൽഹി സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്.