കിം ജോംഗ് ഉൻ റഷ്യയിലേക്ക് പുറപ്പെട്ടു
Tuesday, September 12, 2023 6:41 AM IST
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലേക്കു പുറപ്പെട്ടതായി പ്യോംഗ്യാംഗ് റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് കിം പുറപ്പെട്ടത്.
യുക്രെയ്ൻ യുദ്ധത്തിനായി റഷ്യക്കു വെടിക്കോപ്പുകൾ നല്കാൻ കിം തയാറായേക്കും. ഉത്തരകൊറിയൻ നേതാക്കളുടെ പാരന്പര്യം പിന്തുടർന്ന് സ്വകാര്യ ട്രെയിനിലാണു കിമ്മിന്റെ യാത്ര. വെടിയുണ്ടയേൽക്കാത്ത 20 ബോഗികളുള്ള ട്രെയിനിനു ഭാരം കൂടുതലാണ്. 1,180 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മണിക്കൂറെങ്കിലും എടുത്തേക്കും.
നാലു വർഷത്തിനു ശേഷമാണു കിം ഉത്തരകൊറിയയ്ക്കു പുറത്തു പോകുന്നത്. 2019ൽ വ്ലാഡിവോസ്റ്റിക്കിൽ പുടിനെ കാണാനായിരുന്നു അവസാന യാത്ര. ഉത്തരകൊറിയയുടെ അണ്വായുധ പദ്ധതികൾ അവസാനിപ്പിക്കാൻ അമേരിക്ക നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട പശ്ചാത്തലത്തിലായിരുന്നുഅത്. അന്നും ട്രെയിനിലാണു കിം എത്തിയത്.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പട്ടാളം പീരങ്കി ഷെല്ലുകളുടെയും റോക്കറ്റുകളുടെയും അഭാവം നേരിടുന്നതായാണു റിപ്പോർട്ട്. ഇവ റഷ്യക്കു നല്കാൻ കിം തയാറായേക്കും. ഇതിനു പകരമായി പുടിൻ ഉത്തരകൊറിയയ്ക്ക് എന്തായിരിക്കും നല്കുകയെന്നതിൽ പാശ്ചാത്യശക്തികൾക്കു വലിയ ആശങ്കയുണ്ട്.
ഭക്ഷ്യവസ്തുക്കൾക്കും അസംസ്കൃത പദാർഥങ്ങൾക്കും പുറമേ യുഎൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ഉത്തരകൊറിയയ്ക്കു റഷ്യയുടെ പിന്തുണ ലഭിക്കും. ഇതിനു പുറമേ, ആയുധ സാങ്കേതികവിദ്യ റഷ്യ ഉത്തരകൊറിയയ്ക്കു നല്കുമോ എന്നാണ് ആശങ്ക.