"ഏകാധിപത്യ പ്രവണത'; കേന്ദ്രമന്ത്രിയെ പൂട്ടിയിട്ട് ബിജെപി പ്രവർത്തകർ
Tuesday, September 12, 2023 7:32 PM IST
കോൽക്കത്ത: പാർട്ടിയിൽ ഏകാധിപത്യപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിയെ മുറിയിൽ പൂട്ടിയിട്ട് പശ്ചിമ ബംഗാൾ ബിജെപി പ്രവർത്തകർ.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയും ബങ്കുര എംപിയുമായ സുഭാസ് സർക്കാരിനെയാണ് ബിജെപി പ്രവർത്തകർ ബങ്കുര ജില്ലാ കമ്മിറ്റി ഓഫീസിൽ പൂട്ടിയിട്ടത്. സർക്കാരിനെ രക്ഷിക്കാനായി മറ്റൊരു സംഘം പാർട്ടി പ്രവർത്തകർ എത്തിയതോടെ ഓഫീസിന് മുമ്പിൽ സംഘർഷമുണ്ടായി. ഒടുവിൽ പോലീസെത്തിയാണ് മന്ത്രിയെ മോചിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. സുഭാസ് സർക്കാർ ഏകാധിപത്യ രീതിയിലാണ് ജില്ലാ കമ്മിറ്റിയെ നയിക്കുന്നതെന്നും തനിക്ക് പ്രിയപ്പെട്ടവരെ പാർട്ടി നേതൃസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ബങ്കുര നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കൈവശമുണ്ടായിരുന്ന രണ്ട് നഗരസഭാ സീറ്റുകളും നഷ്ടമായി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥാനാർഥിയെ നിർത്താൻ പോലും സാധിച്ചില്ലെന്നും അണികൾ ആരോപിച്ചു.