നിപ: സമ്പർക്കപ്പട്ടികയിൽ 168 പേർ, മുന്നൊരുക്കങ്ങൾ വിവരിച്ച് ആരോഗ്യവകുപ്പ്
Tuesday, September 12, 2023 8:36 PM IST
കോഴിക്കോട്: നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 127 പേർ ആരോഗ്യപ്രവർത്തകരാണെന്നും മറ്റ് 31 പേർ രോഗബാധ സംശയിക്കുന്നവരുടെ വീടിനും പരിസരത്തും ഉള്ളവരാണെന്നും മന്ത്രി അറിയിച്ചു.
മൂന്ന് പേർക്ക് കൂടി നിപ വൈറസ് ലക്ഷണങ്ങൾ കണ്ടതായും നിലവിൽ ഏഴ് പേരാണ് നിപ ബാധ സംശയിച്ച് കോഴിക്കോട്ട് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 30-ന് മരണപ്പെട്ട രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടത് നൂറിലേറെ ആളുകളാണ്. തിങ്കളാഴ്ച മരണപ്പെട്ട വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 10 പേരുടെ വിവരങ്ങൾ മാത്രമാണ് പൂർണമായി ലഭിച്ചിട്ടുള്ളത്. മറ്റുള്ളവരെ ഉടൻ കണ്ടെത്തി വിവരങ്ങൾ അറിയിക്കും.
സമ്പർക്കത്തിൽ ഏർപ്പെട്ടവരെ വ്യക്തമായി കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവർ വന്നിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങളടക്കം ശേഖരിക്കും.
പുനെ വൈറോളജി ലാബിൽ നിന്നുള്ള സാംപിൾ ഫലങ്ങൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ റൂട്ട് മാപ്പ് പുറത്തുവിടും.
കേന്ദ്ര സർക്കാരിന്റെ മൂന്ന് പ്രത്യേക സംഘങ്ങൾ കേരളത്തിലേക്ക് എത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ പരിശോധന നടത്താനുള്ള മൊബൈൽ ലാബ് സംഘവും പരിശോധനാഫലം പുറത്തുവിടാൻ അധികാരമുള്ള ആരോഗ്യസംഘവുമാണ് എത്തുന്നത്.
ഐസിഎംആർ എൻഐവി പുനെയിലെ ഡോ. ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള വവ്വാൽ നിരീക്ഷണ ടീമും കോഴിക്കോട്ടേക്ക് എത്തും. ഐസിഎംആർ ചെന്നൈയുടെ സംഘവും പരിശോധനയ്ക്കും മേൽനോട്ടത്തിനുമായി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും. സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും നൽകിയിട്ടുള്ള കോൾസെന്റർ നമ്പറിൽ ബന്ധപ്പെട്ടാൽ 108 ആംബുലൻസ് എത്തി അവരെ ആശുപത്രികളിലേക്ക് മാറ്റും. വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ടീമുകളും സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട അവലോകനയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.