ലോറൻസ് ബിഷ്ണോയിയുടെ അനുയായികൾ പിടിയിൽ
Wednesday, September 13, 2023 7:27 AM IST
ചണ്ഡീഗഡ്: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അനുയായികളെ പോലീസ് പിടികൂടി. ചണ്ഡീഗഡിലെ സെക്ടർ 26നിവാസിയായ തർലോചൻ സിംഗ് എന്ന രാഹുൽ ചീമ, ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ബാബ ഗ്രാമവാസിയായ ഹാരി എന്ന ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.
പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ (എസ്എസ്ഒസി) ആണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു.
ലോറൻസ് ബിഷ്ണോയി സംഘത്തിലെ ചിലർ പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെയും വ്യവസായികളെയും മറ്റുചിലരെയും ഭീഷണിപ്പെടുത്തി ഫോൺ വിളിച്ചിരുന്നു. ഇവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഉടൻതന്നെ, എസ്എസ്ഒസി എസ്എഎസ് നഗറിൽ നിന്നുള്ള പോലീസ് സംഘങ്ങൾ തിങ്കളാഴ്ച തർലോചൻ സിംഗിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ചൊവ്വാഴ്ച ഒരു പിസ്റ്റളുമായി ഹരീഷിനെയും അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ രണ്ടുപേരും പ്രശസ്തി നേടാൻ ആഗ്രഹിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രൊഫൈലുകൾ ഉണ്ടാക്കി യുവാക്കളെ പ്രലോഭിപ്പിക്കുകയും തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തോക്കുകളും മറ്റും നൽകിയിരുന്നെന്നും പോലീസ് പറഞ്ഞു.
ഇവർക്കെതിരെ ആയുധ നിയമത്തിലെ സെക്ഷൻ 25, 25(6), 25(7), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 384, 120 ബി എന്നിവ പ്രകാരം മൊഹാലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.