ഹോങ്കോങ്ങ്: സൗത്ത് കൊറിയന്‍ വനിതാ വ്ലോഗര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശി അറസ്റ്റിൽ. അമിത് ജാരിയാല്‍ (46) എന്നയാളാണ് ഹോങ്കോംഗില്‍ അറസ്റ്റിലായത്. ഇയാള്‍ ഹോങ്കോംഗിലെ രാജസ്ഥാന്‍ റിഫിള്‍സ് എന്ന ഹോട്ടലിലെ ജീവനക്കാരനാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും ഇത് തള്ളി ഹോട്ടല്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു.

ചൊവാഴ്ചയാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. എംടിആര്‍ സ്‌റ്റേഷന്‍ പരിസരത്ത് വച്ചാണ് സംഭവം. വാഹനം കാത്തു നിന്ന യുവതിയുടെ അടുത്തേക്ക് അമിത് വഴി ചോദിക്കാനെന്ന വ്യാജേന എത്തുകയും ശരീരത്തില്‍ കയറിപ്പിടിച്ച് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

യുവതി എതിര്‍ത്തിട്ടും ഇയാള്‍ വിടാന്‍ തയാറായില്ല. പിന്നാലെ യുവതി ബഹളം വച്ചപ്പോള്‍ ഇയാൾ മാറിപ്പോകുകയായിരുന്നു. അമിത് യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ഇത് യുവതി തന്നെ കൈയില്‍ കരുതിയിരുന്ന വ്ലോഗിംഗ് കാമറയില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ദൃശ്യം സമൂഹ മാധ്യമത്തില്‍ വന്നതിന് പിന്നാലെ ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി. വൈകാതെ തന്നെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.