നികത്താനാകാത്ത നഷ്ടം; പി.പി. മുകുന്ദനെ അനുസ്മരിച്ച് ജെ.പി.നദ്ദ
Wednesday, September 13, 2023 4:11 PM IST
ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. ബിജെപിക്ക് നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം മികവുറ്റ സംഘാടകനായിരുന്നുവെന്നും ബിജെപിയെ കേരളത്തില്‍ ശക്തിപ്പെടുത്താന്‍ വലിയ സംഭാവനകള്‍ നല്‍കിയെന്നും നദ്ദ അനുസ്മരിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുകുന്ദനെ അനുസ്മരിച്ചു. ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തന്റെ നേതൃപാടവം കൊണ്ട് നൂറുകണക്കിന് ആളുകളെ പ്രചോദിപ്പിച്ച വ്യക്തി ആയിരുന്നു മുകുന്ദന്. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കൊച്ചിയിലാണ് പി.പി.മുകുന്ദന്റെ അന്ത്യം സംഭവിച്ചത്. കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കണ്ണൂരിലായിരിക്കും സംസ്കാരച്ചടങ്ങുകള്‍.