ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
Wednesday, September 13, 2023 5:52 PM IST
കൊച്ചി: ആലുവയിൽ എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ രാജിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഏകദേശം 350 മീറ്റർ അകലെയുള്ള പാടശേഖരത്തിന്റെ നടുവില്‍ തുറന്ന് കിടക്കുന്ന മോട്ടോർ ഷെഡിനകത്താണ് ഇയാൾ കുട്ടിയെ എത്തിച്ചത് എന്ന് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറൻസിക് വിഭാഗം മോട്ടോർ ഷെഡിനുള്ളിൽ പരിശോധന നടത്തി.
ഷെഡിനുള്ളിൽ നിന്നുള്ള വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. ഉച്ചയ്ക്ക് 12-നാണ് പ്രതിയുമായി റൂറൽ എസ്പി വിവേക് കുമാറും അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ്പിയുടെയും ആലുവ സിഐയുടെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘവും സ്ഥലത്തെത്തിയത്.
വിസ്തൃതമായ പാടശേഖരത്തിന് അകത്തുള്ള മോട്ടർ ഷെഡ് വിജനമാണ്. അർധരാത്രിയോടെ വീട്ടിൽ നിന്നും പെൺകുട്ടിയുമായി കടന്ന പ്രതി ഏകദേശം 350 മീറ്റർ അകലെയുള്ള ഇവിടെ എത്തിച്ചാണ് കുട്ടിയെ ഉപദ്രവിച്ചത്.
ആളുകൾ തെരച്ചിൽ തുടങ്ങിയത് അറിഞ്ഞ് പ്രതി കുട്ടിയെ ഉപേക്ഷിച്ചിരുന്നു. രക്ഷപ്പെട്ട കുട്ടി തനിയെ റോഡരികിലേക്ക് നടന്നെത്തുമ്പോഴാണ് നാട്ടുകാർ കണ്ടത്.