സിനിമയെ വർഗീയ പ്രചരാണായുധമായി ഉപയോഗിക്കുന്ന രീതി വർധിക്കുന്നു: മുഖ്യമന്ത്രി
Thursday, September 14, 2023 11:18 PM IST
തിരുവനന്തപുരം: സിനിമയെ വർഗീയ പ്രചരാണായുധമായി ഉപയോഗിക്കുന്ന ഒരുരീതി വർധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ കാലത്തെ ഏറ്റവും ജനകീയ കലാമാധ്യമമാണ് സിനിമ. അതുകൊണ്ടുതന്നെ കേവലമായ കലാവിഷ്കാരം എന്ന നിലവിട്ട് ചില ആശയങ്ങളുടെ പ്രചാരണങ്ങൾക്കുകൂടി പുതിയ കാലത്ത് സിനിമ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാത്മകമാണെങ്കിൽ ആശയങ്ങളുടെ പ്രചാരണത്തിന് അതുഉപയോഗിക്കപ്പെടുന്നതിൽ തെറ്റൊന്നുമില്ല. വലിയമാറ്റങ്ങൾക്ക് വഴിവച്ച എത്രയോ ചിന്താധാരകൾ ഇത്തരം മാധ്യമങ്ങളിലൂടെ ജനമനസുകളിൽ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയങ്ങൾ പ്രതിഫലിക്കുന്നിടത്ത് ഒരുചോദ്യം വളരെ പ്രസക്തമാകുകയാണ്. ഏതുതരത്തിലുള്ള ആശയം എന്ന ചോദ്യം. മനുഷ്യനന്മയ്ക്കുള്ള ആശയങ്ങൾ ഉണ്ട്. മനുഷ്യരാശിയുടെ നാശത്തിന് വഴിവയ്ക്കുന്ന ആശയങ്ങളുണ്ട്. ഇതിൽ ഏത് ആശയത്തെയാണ് കലാകാരൻ ആവിഷ്കാരത്തിലൂടെ സമൂഹത്തിൽ പടർത്തുന്നത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
അനാചാരങ്ങളുടെ ജീർണമായ അന്ധകാരത്തെ പുനരുജ്ജീവിപ്പിച്ച് എടുക്കാനുള്ള ആയുധം എന്ന നിലയ്ക്ക് സിനിമയെ ഉപയോഗിക്കാനുള്ള പ്രവണത കാര്യമായി കാണാനുണ്ട്. ഇതിന് വർധിച്ച ശക്തി കൈവരുന്ന ഒരു കലാന്തരീക്ഷം ദേശീയതലത്തിൽ നിലനിൽക്കുന്നുവെന്ന് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.