പാക്കിസ്ഥാൻ വീണു; ഏഷ്യാ കപ്പിൽ ഇന്ത്യ - ശ്രീലങ്ക ഫൈനൽ
Friday, September 15, 2023 1:41 AM IST
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ത്രില്ലർ പോരാട്ടത്തിൽ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ. അവസാന ഓവർ വരെ നീണ്ടുനിന്ന പോരാട്ടത്തിൽ, ഭാഗ്യം വിരുന്നെത്തിയതിനൊപ്പം പ്രായോഗികബുദ്ധി വിനിയോഗിച്ചതോടെയാണ് ലങ്ക ഇന്ത്യയുമായുള്ള ഫൈനലിന് കളമൊരുക്കിയത്.
മഴ വിരുന്നെത്തിയ കളിയിൽ, പാക്കിസ്ഥാൻ പടുത്തുയർത്തിയ 252 റൺസ് തന്നെയാണ് ലങ്കയ്ക്ക് ഡിഎൽഎസ് നിയമപ്രകാരം വിജയലക്ഷ്യമായി നിശ്ചയിക്കപ്പെട്ടത്. ഓരോ റണ്ണും വിലപ്പെട്ടതായ പോരാട്ടത്തിൽ, വെട്ടിച്ചുരുക്കിയ സമയപരിധിയായ 42-ാം ഓവറിന്റെ അവസാന പന്തിലാണ് ലങ്ക ഈ സ്കോറിലേക്ക് എത്തിയത്.
സ്കോർ:
പാക്കിസ്ഥാൻ 252/7(42)
ശ്രീലങ്ക 252/8(42)
ആറ് ബോളിൽ എട്ട് റൺസ് എന്നതായിരുന്നു 41-ാം ഓവറിന്റെ ഒടുവിൽ ലങ്കയ്ക്ക് മുമ്പിലുള്ള വിജയസമവാക്യം. ആദ്യ പന്തിൽ ഒരു റൺ വിട്ടുനൽകിയ സമാൻ ഖാൻ അടുത്ത പന്ത് ഡോട്ട്ബോൾ ആക്കി. മൂന്നാം പന്തിൽ ചരിത് അസലങ്ക(49*) നേടിയ സിംഗിളിന്റെ ബലത്തിൽ ക്രീസിലെത്തിയ പ്രമോദ് മധുഷൻ(1), ഓടണോ വേണ്ടയോ എന്ന സംശയത്തിൽ നിന്നുപോയി. കീപ്പർ നൽകിയ പന്ത് കൃത്യമായി നോൺ സ്ട്രൈക്കർ സ്റ്റംപ്സിൽ കൊള്ളിച്ച ഖാൻ ലങ്കയെ നിരാശയിലാക്കി.
അഞ്ചാം പന്തിൽ കീപ്പറുടെ കൈയ്ക്ക് തൊട്ടരികിലൂടെ പാഞ്ഞ പന്ത് അസലങ്കയ്ക്ക് ബൗണ്ടറി സമ്മാനിച്ചു. അവസാന പന്തിൽ ജയിക്കാൻ വേണ്ട രണ്ട് റൺസ്, യോർക്കർ ലെംഗ്തിലെത്തിയ പന്തിനെ ഡീപ് സ്ക്വയർ ലെഗ്ഗിലേക്ക് പായിച്ച് അസലങ്ക ഓടിയെടുത്തു. വായുവിൽ കുതിച്ച് ചാടി അസലങ്ക വിജയം ആഘോഷിച്ചപ്പോൾ പരിക്ക് മൂലം തളർന്ന ബൗളിംഗ് നിരയുമായി എത്തിയ പാക്കിസ്ഥാന് മോഹഭംഗം.
കുശാൽ മെൻഡിസ് 87 പന്തിൽ നേടിയ 91 റൺസ് ആണ് ലങ്കൻ വിജയത്തിന് അടിത്തറ പാകിയത്. സധീര സമരവിക്രമ(51 പന്തിൽ 48) മികച്ച പിന്തുണ നൽകി. പാക്കിസ്ഥാനായി ഇഫ്തിഖർ അഹ്മദ് മൂന്നും ഷഹീൻ അഫ്രീദി രണ്ടും വിക്കറ്റുകൾ നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനായി ഓപ്പണർ അബ്ദുള്ള ഷഫീഖ്(52), മുഹമ്മദ് റിസ്വാൻ(73 പന്തിൽ 86*), ഇഫ്തിഖർ അഹ്മദ്(47) എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.