നിപ: നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ്, ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണവുമായി കര്‍ണാടക
Friday, September 15, 2023 11:01 AM IST
ബംഗളൂരു/ഭോപ്പാൽ :നിപയുടെ പശ്ചാത്തലത്തില്‍ കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്കി.അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര മതിയെന്നും സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂര്‍, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളില്‍ പനി നിരീക്ഷണം ശക്തമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കിയി.
നിപയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ പിഎച്ച്സി തലത്തില്‍ വരെ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ നിയോഗിച്ചിട്ടുണ്ട്. ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തിയാണ് ടീം.
എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ സൗകര്യത്തോടെ രണ്ട് കിടക്കകള്‍, ഒരു ഐസിയു സൗകര്യം എന്നിവ തയാറാക്കിവയ്ക്കാനും പിപിഇ കിറ്റുകള്‍, ഓക്സിജന്‍ വിതരണം എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കകാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ ലക്ഷണമുള്ള കേസ് വന്നാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കില്‍ സാമ്പിളുകള്‍ ബംഗളുരു എന്‍ഐവിയിലേക്ക് അയയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശിലെ യൂണിവേഴ്സിറ്റി. ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രെെബല്‍ യൂണിവേഴ്സിറ്റിയാണ് ഓപ്പണ്‍ കൗണ്‍സില്‍ നടക്കാനിരിക്കെ വിചിത്ര സര്‍ക്കുലര്‍ പുറത്തിറക്കിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഓപ്പണ്‍ കൗൺസിലിംഗില്‍ പങ്കെടുക്കേണ്ടവര്‍ മുന്നേ യാത്ര തിരിച്ചതിനാല്‍ നിപ പരിശോധന അപ്രായോഗികമാണ്.
നോട്ടീസ് പിന് വലിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ടി.എന്‍. പ്രതാപനും വി. ശിവദാസനും അധികൃതര്‍ക്ക് കത്ത് നല്കി. സർക്കുലറിനെതിരേ എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നു.
മറ്റൊരു യൂണിവേഴ്സിറ്റിയും പ്രഖ്യാപിക്കാത്ത നടപടി ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രെെബല്‍ യൂണിവേഴ്സിറ്റി മാത്രം ഇറക്കിയത് വേര്‍തിരിവാണെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.