ഇന്ന് ലോക ജനാധിപത്യ ദിനം ! ഇന്നത്തെ ജനാധിപത്യം സന്പൂർണമോ ?
Friday, September 15, 2023 12:51 PM IST
കോട്ടയം: ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം എന്ന അവസ്ഥ സംജാതമാകുമ്പോള്‍ മാത്രമേ ഒരു രാജ്യത്തെ 'ജനാധിപത്യ രാജ്യം' എന്നു വിശേഷിപ്പിക്കാവൂ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് നമ്മുടെ ഭാരതം വിലയിരുത്തപ്പെടുന്നത്.
2008 മുതല്‍ ലോകത്ത് സെപ്റ്റംബര്‍ 15 ലോകജനാധിപത്യ ദിനമായി ആചരിക്കപ്പെടുന്നു. ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രാധാന്യം വിളിച്ചോതാനാണ് ഐക്യരാഷ്ട്രസഭ ഇത്തരമൊരു ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
ആറാം നൂറ്റാണ്ടില്‍ ഏഥന്‍സിലാണ് ലോകത്തെ ആദ്യത്തെ ജനാധിപത്യ വ്യവസ്ഥിതി രൂപം കൊണ്ടത് എന്നാണ് പരക്കെയുള്ള വിശ്വാസം.
ഇന്ന് ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 120 എണ്ണത്തിലും ജനാധിപത്യം പുലരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1941ല്‍ വെറും 11 രാജ്യങ്ങളില്‍ മാത്രമായിരുന്നു ജനാധിപത്യം ഉണ്ടായിരുന്നതെന്ന കാര്യം അറിയുമ്പോഴാണ് ലോകം കൈവരിച്ച പുരോഗതിയെക്കുറിച്ച് നാം ബോധവാനാകുന്നത്.
1997 സെപ്റ്റംബര്‍ 15ന് ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്(IPU) ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു സാര്‍വത്രിക പ്രഖ്യാപനം അംഗീകരിച്ചത് പിന്നീട് അന്താരാഷ്ട്ര ജനാധിപത്യ ദിനം എന്ന ആശയത്തിലേക്കെത്തുകയായിരുന്നു.
'പുതിയതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ജനാധിപത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ഗവണ്മെന്റുകളുടെ ശ്രമങ്ങളുടെ ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണ'' എന്ന തലക്കെട്ടിലുള്ള പ്രമേയം 2007 നവംബര്‍ 8ന് സമവായത്തിലൂടെ അംഗീകരിച്ചു.
പത്തു വര്‍ഷം മുമ്പ് സാര്‍വത്രിക ജനാധിപത്യ പ്രഖ്യാപനം നടത്തിയതിന്റെ ഓര്‍മയ്ക്കായി അങ്ങനെ 2008 മുതല്‍ സെപ്റ്റംബര്‍ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിച്ചു വരുന്നു.
ഓരോ വര്‍ഷവും ജനാധിപത്യദിനം ആഘോഷിക്കപ്പെടുന്ന വേളയില്‍ ഓരോ പ്രമേയവും മുന്‍പോട്ടു വയ്ക്കാറുണ്ട്.'അടുത്ത തലമുറയെ ശാക്തീകരിക്കുക'' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിന്റെ പ്രമേയം.
ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവരുടെ ലോകത്തെ അഗാധമായ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളില്‍ അവരുടെ ശബ്ദം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും യുവാക്കളുടെ പങ്ക് ആവശ്യമാണെന്നതാണ് ഈ പ്രമേയം ഊന്നല്‍ നല്‍കുന്നത്.
ലോകത്ത് ജനാധിപത്യം ഏറെ രാജ്യങ്ങളില്‍ പുലരുന്നുണ്ടെന്നത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെ ജനാധിപത്യത്തിന്റെ വിളനിലമായ പല രാജ്യങ്ങളിലും അഴിമതിയുടെ തോതും കൂടുതലാണെന്നതാണെന്നത് വലിയൊരു യാഥാര്‍ഥ്യമാണ്.
എന്തിന് ജനപ്രതിനിധികള്‍ പണംനോക്കി മറുകണ്ടം ചാടുന്ന കാഴ്ചകള്‍ ഇന്ത്യയില്‍ തന്നെ പതിവ് കാഴ്ചകളാകുന്ന സാഹചര്യത്തില്‍ ജനാധിപത്യം എത്രമാത്രം വിജയിക്കുന്നു എന്നതൊരു ചോദ്യമാണ്. ഈയൊരവസ്ഥയ്ക്ക് വരുംകാലത്തെങ്കിലും മാറ്റമുണ്ടാകും എന്ന് പ്രതീക്ഷ മാത്രമാണ് ഈ ജനാധിപത്യ ദിനത്തിലുമുള്ളത്.